Gulf

ചെയർമാൻസ് കപ്പ് 2025’ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജി.ഡി.ആർ.എഫ്.എ ദുബായ് കിരീടം സ്വന്തമാക്കി

Published

on

ദുബായ്: കായികരംഗത്തും ടീമിന്റെ ഏകോപനത്തിലും തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ട്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (GDRFA Dubai) 2025-ലെ ‘ചെയർമാൻസ് കപ്പ്’ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ വിജയം സ്വന്തമാക്കി. ആവേശകരമായ ഫൈനൽ മത്സരത്തിൽ അബുദാബി കസ്റ്റംസ് ടീമിനെ തോൽപ്പിച്ചാണ് ജി.ഡി.ആർ.എഫ്.എ ദുബായ് കിരീടം നേടിയത്.

രണ്ടാഴ്ച നീണ്ടുനിന്ന ടൂർണമെന്റിൽ വിവിധ സർക്കാർ-സുരക്ഷാ വകുപ്പുകളിലെ ടീമുകൾ പങ്കെടുത്തു. മികച്ച സ്ഥിരതയും സാങ്കേതിക മികവും കാഴ്ചവെച്ച്, പ്രാഥമിക റൗണ്ടുകളിൽ നിന്ന് തന്നെ ജി.ഡി.ആർ.എഫ്.എ ടീം ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും, സെമിഫൈനലിലും ഫൈനലിലും ഉജ്ജ്വലമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ചാമ്പ്യൻഷിപ്പ് വിജയത്തിന് പിന്നാലെ, ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, വിജയിച്ച ടീമിനെ സ്വീകരിച്ച് അഭിനന്ദിച്ചു.ജനറൽ ഡയറക്ടറേറ്റിന്റെ അൽ ജാഫ്ലിയ ഓഫീസിലാണ് ജേതാക്കളായ ടീം അംഗങ്ങളെ അഭിനന്ദിച്ചത്.

“ഈ വിജയം ടീമിന്റെ അർപ്പണബോധത്തിന്റെയും സഹകരണ മനോഭാവത്തിന്റെയും പ്രതിഫലനമാണ്. ജീവനക്കാർ സേവനത്തിലും കായികരംഗത്തും ഒരുപോലെ മികവ് പുലർത്തുന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ടീമംഗങ്ങൾക്കും പരിശീലകർക്കും ലഫ്. ജനറൽ അൽ മർറി ആശംസകൾ അറിയിച്ചു, ഭാവിയിലും ഇത്തരം നേട്ടങ്ങൾ ആവർത്തിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരൻ അടക്കമുള്ള വ്യക്തിഗത പുരസ്കാരങ്ങളും ജി.ഡി.ആർ.എഫ്.എ താരങ്ങൾ കരസ്ഥമാക്കി.

കായിക മത്സരങ്ങളിലൂടെ ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ജീവനക്കാരിൽ സംഘാത്മകതയും ഏകോപനവും വളർത്തുകയുമാണ് ഈ ഉദ്യമങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിലായി ആഭ്യന്തരത്തിലും രാജ്യാന്തരതലത്തിലും സംഘടിപ്പിച്ച നിരവധി സ്പോർട്സ് മത്സരങ്ങളിൽ ശ്രദ്ധേയമായ സാന്നിധ്യം പുലർത്തിയ ജി.ഡി.ആർ.എഫ്.എ ദുബായ്, കായികരംഗത്തും സാമൂഹിക ഉത്തരവാദിത്തത്തിലും സമന്വയം പുലർത്തുന്ന മികച്ച സ്ഥാപനമായി നിലകൊള്ളുന്നുവെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version