ആക്സിയോം-4 ദൗത്യം പൂര്‍ത്തിയാക്കിയശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട സംഘം ഭൂമിയില്‍ സുരക്ഷിതരായി തിരിച്ചെത്തി. വൈകീട്ട് മൂന്നിന് (ഇന്ത്യന്‍ സമയം) കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ തീരത്തിനടുത്തായാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പതിച്ചത്. ചരിത്ര നിമിഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആക്സിയം സ്പേസ് അടക്കമുള്ളവ പുറത്തുവിട്ടിട്ടുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏകദേശം മൂന്നാഴ്ചയോളം ചെലവഴിച്ചതിന് ശേഷമാണ് സംഘം തിരിച്ചെത്തിയത്.
ദൗത്യം നിയന്ത്രിച്ച ഇന്ത്യയുടെ ശുഭാംശു ശുക്ലയെ കൂടാതെ, അമേരിക്കയുടെ പെഗ്ഗി വിറ്റ്സണ്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ (ESA) പ്രോജക്റ്റ് ബഹിരാകാശയാത്രികനായ പോളണ്ടില്‍ നിന്നുള്ള സ്ലാവോഷ് സുവെ ഉസ്നാന്‍സ്കി-വിസ്നിവ്സ്കി, ഹംഗേറിയന്‍ ബഹിരാകാശയാത്രികനായ ടിബോര്‍ കാപുവും സംഘത്തില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചത്തെ ദൗത്യത്തിനിടെ നടത്തിയ 60-ലധികം പരീക്ഷണങ്ങളില്‍ നിന്നുള്ള വിവരങ്ങളും നാസയുടെ ഹാര്‍ഡ്വെയറുകളും ഉള്‍പ്പെടെ 580 പൗണ്ടിലധികം ഭാരമുള്ള വസ്തുക്കളുമായാണ് സംഘം തിരിച്ചെത്തിയിരിക്കുന്നത്.