റിയാദ്∙ ചരിത്ര കരാറിൽ ഒപ്പുവച്ചതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. സൗദി സമയം രാത്രി 11മണിയോടെ മാഡ്രിഡിൽ നിന്നു സ്വകാര്യ വിമാനത്തിൽ ഭാര്യയ്ക്കൊപ്പമാണ് എത്തിയത്. അൽ നാസറിന്റെ സ്റ്റേഡിയമായ മിർസൂൾ പാർക്കിൽ ഇന്ന്(3) രാത്രി 7ന് താരത്തിന് ഗംഭീര സ്വീകരണം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് വില്പന സജീവമായി. 15 റിയാലാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ്സ് വിക്ടറിഅറീന ഡോട്ട്കോം വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നു ഫുട്ബോള്‍ ഫെഡറേഷന് അറിയിച്ചു.
റിയാദിൽ ആദ്യ രാജ്യാന്തര താരത്തെ സ്വീകരിക്കാൻ വിപുലമായ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി പ്രമുഖ സൗദി ക്ലബ്ബിന്റെ മുതിർന്ന ഉദ്യോഗസ്ഥർ ഞായറാഴ്ച ഉച്ചയോടെ മാഡ്രിഡിൽ നിന്ന് റിയാദിലെത്തിയിരുന്നു. ഒരുക്കങ്ങളുടെ ഭാഗമായി ഞായറാഴ്ച റിയാദിൽ രണ്ട് മണിക്കൂർ നീണ്ടുനിന്ന ഏകോപന യോഗങ്ങൾ നടന്നു. അൽ നാസർ ക്ലബ്, റിയാദ് വിമാനത്താവളം , ബന്ധപ്പെട്ട ഏജൻസികൾ, സ്വീകരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.പ്രതിവർഷം 20 ദശലക്ഷം ഡോളറിന്റെ കരാറിലാണ് താരം ഒപ്പുവച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏകദേശം മൂന്ന് ദശലക്ഷം യൂറോ ആയിരുന്നു ശമ്പളം.