Latest News

ക്രിസ്റ്റ്യാനോ ഇനി സൗദിക്ക് സ്വന്തം

Published

on

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദിയുടെ മണ്ണിൽ പന്ത് തട്ടും. സൗദി അറേബ്യൻ മുൻനിര ക്ലബായ അൽ നസറുമായി താരം കരാർ ഒപ്പുവച്ചു. 1770 കോടി രൂപയ്ക്കാണ് കരാർ ഒപ്പിട്ടത്. എന്നാൽ പരസ്യവരുമാനമടക്കം ഏകദേശം 1,950 കോടി രൂപ (200 മില്യൺ ഡോളർ) താരത്തിന് ലഭിക്കും. ക്ലബിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.റൊണാൾഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ക്ലബ്ബ് അവകാശപ്പെട്ടു. ക്ലബിന്റെ ഏഴാം നമ്പർ ജേഴ്സിയും കയ്യിലേന്തിയുള്ള റൊണാൾഡോയുടെ ചിത്രവും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതലാണ് കരാർ പ്രാബല്യത്തിൽ വരുന്നത്.

ലോകകപ്പ് മത്സരങ്ങൾക്കിടെ നവംബറിലാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചത്. അതിന് മുമ്പ് താരവുമായി ക്ലബ്ബ് അത്ര നല്ല നിലയിലായിരുന്നില്ല. സൗദി ക്ലബിൽ ചേർന്നതോടെ താരത്തിന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങളും അവസാനിച്ചു. ചാമ്പ്യൻസ് ലീഗിൽ കളിയ്ക്കുന്ന ഏതെങ്കിലും ക്ലബിൽ ചേരുമെന്നായിരുന്നു താരം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ റെക്കോഡ് ഓഫർ നൽകി സൗദി ക്ലബ് 37 കാരനായ റൊണാൾഡോയെ സ്വന്തമാക്കുകയായിരുന്നു.

റിയാദ് ആസ്ഥാനമായ ക്ലബിലേക്കുള്ള റൊണാൾഡോയുടെ വരവ് സൗദി ഫുഡ്‌ബോൾ ലീഗിലും രാജ്യത്താകെയും സ്വാധീനം ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ലോകകപ്പിനുള്ള വേദിക്കായി സൗദി അറേബ്യ ശ്രമം തുടങ്ങിയതായുള്ള വാർത്തകൾക്കിടെയാണ് ഈ തലമുറയിലെ സൂപ്പർ താരം രാജ്യത്തെ ക്ലബ്ബിലെത്തുന്നത്. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നും കൂടുതൽ താരങ്ങൾ സൗദിയിലേക്ക് എത്തുമെന്നാണ് കായിക ലോകം കണക്കാക്കുന്നത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version