കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്‌ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ നേതൃത്വത്തിലുള്ള നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങൾ.
രാജ്യത്ത് 2015 മുതൽ 2019 വരെയുള്ള അർബുദബാധിതരുടെ എണ്ണവും മരണനിരക്കും വിശകലനം ചെയ്‌ത് നടത്തിയ പഠനത്തിൽ കേരളമാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ അപകടനിലയിലുള്ള സംസ്ഥാനം. കേരളത്തിൽ ഒരുലക്ഷം പുരുഷന്മാരിൽ 118.5 പേർക്കും ഒരു ലക്ഷം സ്‌ത്രീകളിൽ 100.6 പേർക്കും അർബുദ സാധ്യതയുണ്ട്. ആജീവനാന്ത സാധ്യത പുരുഷന്മാരിൽ 17.2 ശതമാനവും സ്ത്രീകൾക്ക് 13.0 ശതമാനവുമാണ്. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തത് മിസോറമിലാണ്.
മിസോറമിന്റെ തലസ്ഥാനമായ ഐസോളിൽ ഒരു ലക്ഷം പുരുഷന്മാരിൽ 256.1, സ്ത്രീകളിൽ 217.2 എന്നിങ്ങനെയാണ് നിരക്ക്. അവിടെ ആജീവനാന്ത അർബുദ സാധ്യത പുരുഷന്മാരിൽ 21.1 ശതമാനവും സ്ത്രീകളിൽ 18.9 ശതമാനവുമാണ്. നാലിൽ ഒരാൾക്ക് 75 വയസ്സിന് മുമ്പ് അർബുദ സാധ്യതയുണ്ടെന്ന് ചുരുക്കം. പുരുഷന്മാരിൽ ഓറൽ, ശ്വാസകോശ, പ്രോസ്റ്റേറ്റ് ക്യാൻസറാണ് കൂടുതൽ. സ്ത്രീകളിൽ, സ്തന, സെർവിക്കൽ, അണ്ഡാശയ ക്യാൻസറും. കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ അർബുദത്തിന്റെ ദേശീയ ശരാശരി ഒരു ലക്ഷത്തിൽ 136 ആണ്.