Kerala

കടല്‍താണ്ടിയ പ്രണയത്തിന് മുന്നില്‍ നിയമക്കുരുക്കുകള്‍; മലയാളി പയ്യനെ കാണാന്‍ കേരളത്തിലെത്തിയ സൗദി പെണ്‍കുട്ടിക്ക് വിവാഹത്തിന് തടസ്സങ്ങളേറെ

Published

on

റിയാദ്: പ്രണയിച്ച മലയാളി പയ്യനെ തേടി കഴിഞ്ഞ ഡിസംബറില്‍ സൗദി പെണ്‍കുട്ടി കേരളത്തിലെത്തിയത് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഏഴു മാസത്തോളമായി ഇരുവരും ഒരുമിച്ച് കോഴിക്കോട്ട് താമസിച്ചുവരികയാണ്. എന്നാല്‍ ഈ ബന്ധത്തോടുള്ള ഇരുവരുടെയും മാതാപിതാക്കളുടെ എതിര്‍പ്പും ഇരുരാജ്യങ്ങളിലെയും നിയമപരമായ സങ്കീര്‍ണതകളും വിവാഹത്തിലൂടെ ഒന്നിക്കുന്നതിന് തടസമായിരിക്കുകയാണ്.

സൗദി പെണ്‍കുട്ടി അഥീര്‍ അല്‍ അംറിയാനും കാസര്‍കോട്ടുകാരന്‍ ജിയാന്‍ അസ്മിറുമാണ് ഈ പ്രണയജോഡികള്‍. ഇന്ത്യയില്‍ വച്ച് നിയമപ്രകാരം വിവാഹം ചെയ്യുന്നതിന് വിസ നിയമങ്ങളാണ് തടസം. സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ തൊഴില്‍ വിസ, നിക്ഷേപകര്‍ക്ക് നല്‍കുന്ന വിസ എന്നിവയിലൊന്ന് സൗദി യുവതിക്ക് ലഭിക്കേണ്ടതുണ്ട്. സഊദിയില്‍ വെച്ച് ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഇവിടെ അവര്‍ക്ക് വിസ ലഭിക്കുകയുള്ളൂ.

സൗദിയില്‍ വെച്ച് വിവാഹം കഴിക്കണമെങ്കില്‍ പ്രദേശത്തെ അധികാരികളുടെ അനുമതിയോ യുവതിയുടെ രക്ഷിതാവിന്റെയോ അനുമതിയോ വേണം. പെണ്‍കുട്ടിയുടെ കുടുംബം ഈ വിവാഹത്തിന് എതിരായതിനാല്‍ സൗദി നിയമപ്രകാരം അനുമതി ലഭിക്കുക അതീവ ദുഷ്‌കരമാണ്. പെണ്‍കുട്ടിയുടെ വിവാഹത്തിന് പിതാവിന്റെ അനുമതി നിര്‍ബന്ധമാണ്. പിതാവ് ജീവിച്ചിരിപ്പില്ലെങ്കില്‍ അതേസ്ഥാനത്തുള്ള സഹോദരനോ പിതൃസഹോദരനോ ആണ് നിക്കാഹ് ചെയ്തുനല്‍കേണ്ടത്.

അഥീര്‍ അല്‍ അംറിയുടെ ഇന്ത്യയിലെ വിസ കാലാവധി അവസാനിക്കാറാവുകയും ചെയ്തിട്ടുണ്ട്. നേരത്തേ ഇന്ത്യന്‍ അധികൃതര്‍ മൂന്നുമാസത്തേക്കു കൂടി വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. മെഡിക്കല്‍ വിസയിലാണ് അഥീര്‍ കാമുകന്‍ ജിയാനെ കാണാന്‍ കോഴിക്കോട് എത്തിയത്. വിമാനമിറങ്ങിയ അഥീര്‍ കാമുകനെ ആദ്യമായി നേരിട്ട് കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പ്രണയകഥ പുറംലോകമറിഞ്ഞത്.

അഥീര്‍ ഇതിനിടെ ഒരു തവണ സൗദിയില്‍ പോയിവന്നിരുന്നു. സൗദിയില്‍ ട്രാന്‍സ്ലേറ്ററായി ജോലി ചെയ്തുവരികയായിരുന്നു അഥീര്‍. കാസര്‍കോഡ് സ്വദേശിയായ ജിയാന്‍ ഇന്‍സ്റ്റാഗ്രാമിലാണ് ആദ്യമായി യുവതിയെ പരിചയപ്പെടുന്നത്.

പ്രൊഫൈല്‍ പിക്ചര്‍ പോലും ഇല്ലാത്ത ഐഡിയില്‍ നിന്ന് ജിയാന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റില്‍ നിന്നാണ് തുടക്കം. കൂടുതല്‍ അടുത്തതോടെ സൗഹൃദം പ്രണയത്തിന് വഴിമാറി. അവസാനം അഥീര്‍ മായി വിടരുകയും ഇരുവരും കൂടുതല്‍ അടുക്കുകയുമായിരുന്നു. ഒടുവില്‍ ജിയാനെ കാണാന്‍ അഥീര്‍ കോഴിക്കോട് ഒറ്റയ്ക്ക് എത്തുകയും ചെയ്തു. ഇരുവരും ഇപ്പോള്‍ കേരളത്തില്‍ ആഹ്ലാദത്തോടെ ഒരുമിച്ച് ജീവിതം ആരംഭിക്കുകയുമായിരുന്നു. വിവാഹ ശേഷം സൗദിയിലോ ഇന്ത്യയിലോ യൂറോപ്യന്‍ രാജ്യങ്ങളിലോ താമസിക്കാനാണ് ആഗ്രഹമെന്ന് ഇരുവരും നേരത്തേ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version