ദുബായ് ∙ യു.എ.ഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ (ഐ.പി.എ) പ്രതിനിധി സംഘം മർക്കസ് നോളജ് സിറ്റിയിലെ വിവിധ ബിസിനസ് സംരംഭങ്ങൾ സന്ദർശിച്ചു. ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മർക്കസ് നോളജ് സിറ്റിയിൽ ഊഷ്മളമായ സ്വീകരണം നൽകി.
ചുരുങ്ങിയ കാലം കൊണ്ട് വിപുലമായ ബിസിനസ് സാധ്യതകൾ സൃഷ്ടിച്ച നോളജ് സിറ്റിയിലെ സ്ഥാപനങ്ങളെക്കുറിച്ച് സംഘം മനസ്സിലാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, താമസം, സാംസ്കാരികം തുടങ്ങിയ മേഖലകളിലായി മുപ്പതിലധികം സ്ഥാപനങ്ങളാണ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ഈ സംരംഭങ്ങളുടെ കൂട്ടായ്മയായ ഐ.ബി.എ (ഇന്റഗ്രേറ്റഡ് ബിസിനസ് അസോസിയേഷൻ) ആണ് സന്ദർശന പരിപാടികൾക്ക് നേതൃത്വം നൽകിയത്.
ഐ.പി.എ-യും മർക്കസ് നോളജ് സിറ്റിയിലെ ബിസിനസ് സ്ഥാപനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ യോഗം വിലയിരുത്തി. റിയാസ് കിൽട്ടൻ ഉദ്ഘാടന പ്രസംഗം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വിഷയങ്ങൾ അവതരിപ്പിച്ചു. ഐ.ബി.എ ചെയർമാൻ ഡോ. മുഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ ഷൗക്കത്ത് അലി സ്വാഗതം പറഞ്ഞു.
ടൈഗ്രിസ് വാലി വെൽനസ് റിട്രീറ്റ്, ഫെസ് ഇൻ ഹോട്ടൽ, എം ടവർ, വലൻസിയ ഗലേറിയ, ഡി.ബി.ഐ., എച്ച്.ടി.ഐ., മിഹ്റാസ് ഹോസ്പിറ്റൽ, യൂനാനി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, ലോ കോളേജ്, അലിഫ് ഗ്ലോബൽ സ്കൂൾ, ടാലന്റ്മാർക്ക് സൂക്ക്, ജാമിഉൽ ഹുത്തൂഹ്, ലാൻഡ്മാർക്ക് കാപ്കോൺ റെസിഡൻസി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.