യുഎഇയിലെ മലയാളി നിക്ഷേപകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ബജറ്റ് എയര്‍ലൈനാണ് എയര്‍ കേരള. ഈ മാസം അവസാനം എയര്‍ കേരള തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ എഒസി (എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ്) കാത്തിരിക്കുകകയാണ്. മറ്റ് നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ കമ്പനി ഈ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കും. എയര്‍ കേരളയുടെ ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജൂണ്‍ അവസാനത്തോടെ സര്‍വീസ് തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ആദ്യ സര്‍വീസിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. 60 ജീവനക്കാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍വീസ് തുടങ്ങുന്നതോടെ 200 ജീവനക്കാരെ നിയമിക്കും. ഈ വര്‍ഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം 1,000 ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസമാണ് എയര്‍കേരളക്ക് അയാട്ട കോഡ് ലഭിച്ചത്. കെ.ഡി എന്ന കോഡില്‍ അറിയപ്പെടുന്ന കമ്പനി കേരള ഡ്രീം എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ ചെറു നഗരങ്ങള്‍ക്കിടയില്‍ ഡൊമസ്റ്റിക് സര്‍വീസുകള്‍ ആരംഭിക്കുന്ന എയര്‍ കേരളയ്ക്ക് കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു വിമാനത്താവളവുമായി കഴിഞ്ഞ വര്‍ഷം കരാര്‍ ഉണ്ടാക്കിയിരുന്നു.