ദുബായ് : എമിറേറ്റിൽ ഡ്രൈവിങ് ലൈസൻസിനായുള്ള പരിശീലനവും യോഗ്യതാ നിർണയവും ഡിജിറ്റലാക്കി. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തദ്രീബ് എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് മാറ്റം നടപ്പാക്കുന്നത്.
പ്രതിവർഷം 2.5 ലക്ഷത്തിലേറെ പേർക്ക് പ്രയോജനപ്പെടുന്ന ഈ ഏകീകൃത സംരംഭം ദുബായിലെ എല്ലാ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും നടപ്പാക്കുക. ഇതനുസരിച്ച് പരിശീലനവും യോഗ്യതാ നിർണയവും പൂർണമായും ഡിജിറ്റൽ രൂപത്തിലായിരിക്കും.
ഡ്രൈവർമാരുടെ വിവരങ്ങൾ ഒരു കേന്ദ്രീകൃത ഡേറ്റാബേസിൽ ലഭ്യമാകും. നിർമിതബുദ്ധി (എഐ)യുടെ സഹായത്തോടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുക. 27-ലേറെ പരിശീലനകേന്ദ്രങ്ങളിലും 3400-ലേറെ ഇൻസ്ട്രക്ടർമാരുടെയും 3000-ത്തിലേറെ പരിശീലനവാഹനങ്ങളുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും.