ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുനഃരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് താത്ക്കാലികമായി നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും. 12 ദിവസം നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ഇറാൻ – ഇസ്രായേൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇതിനുപിന്നാലെയാണ് എയർ അറേബ്യ സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാഖും ഇസ്രായോലും വ്യോമപാത തുറന്നിട്ടുണ്ട്. നിയന്ത്രണങ്ങളോടെയാണ് ഇറാന് വ്യോമപാത തുറന്നത്. ഇറാനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗപ്പെടുത്താനാകുകയുള്ളൂ. ഇറാനിലെ മഷാദ്, ഷിറാസ്, ലാർ, നജാഫ് എന്നിവിടങ്ങളിലേക്കാണ് ഷാർജയിൽ നിന്ന് സർവീസുകൾ ഉണ്ടാകുക. കൂടാതെ, ഇറാഖി നഗരങ്ങളായ ബാഗ്ദാദ്, ഇർബിൽ, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനഃരാരംഭിക്കും.