ആന്‍ഡ്രോയിഡില്‍ നിന്ന് ഐഓഎസ് പരിസ്ഥിതിയിലേക്ക് മാറിയ പല സുഹൃത്തുക്കളും നേരിട്ട പ്രശ്നങ്ങളിലൊന്ന് കോള്‍ റെക്കോർഡിങ് എളുപ്പമല്ലെന്നുള്ളതാണ്. പക്ഷേ പല തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയും റെക്കോർഡിങുണ്ടായിരുന്നെങ്കിലും അത് പണം നൽകേണ്ട ഒരു വളഞ്ഞവഴിയായിരുന്നു. ഇപ്പോൾ അതൊക്കെ പഴങ്കഥകള്‍ ആകുകയാണ്. ഉടന്‍ പുറത്തിറക്കാന്‍ പോകുന്ന ഐഓഎസ് 18.1 ഫീച്ചറുകളിലൊന്നായി ഇപ്പോള്‍ പറയപ്പെടുന്നത് ഐഫോണുകളും റെക്കോർഡിങിനായി സജ്ജമാകുന്നു എന്നതാണ്. മാത്രമല്ല, ഇത് ടെക്സ്റ്റ് ആയി ട്രാന്‍സ്ക്രൈബും ചെയ്യാമത്രെ.
ഉപകരണങ്ങളില്‍ കോള്‍ റെക്കോർഡിങ് സംവിധാനം ആപ്പിള്‍ നല്‍കാതിരുന്നതിന് കാരണങ്ങള്‍ പലതാണ്. പല രാജ്യങ്ങളിലും ഇത് നിയമപ്രശ്നമായിരുന്നു. രഹസ്യമായി കോള്‍ റെക്കോർഡ് ചെയ്യുന്നു ധാര്‍മികമായ പ്രശ്നവുമാണ്. ഈ പ്രശ്നങ്ങളെല്ലാം ലഘൂകരിച്ചാണ്ല നിലവിൽ കോള്‍ റെക്കോർഡിങ് എത്തുന്നത്. ആപ്പിളിന്റെ നിലവിലെ കോള്‍ റെക്കോർഡിങ് ഫീച്ചര്‍ എല്ലാ പ്രാദേശിക, അന്താരാഷ്ട്ര സ്വകാര്യതാ നിയമങ്ങളും അനുസരിക്കുന്നുണ്ടത്രെ.
ഒരാൾ കോൾ റെക്കോഡിങ് ആരംഭിക്കുമ്പോൾ അങ്ങേത്തലയ്ക്കലുള്ള ആളിനെ റെക്കോർഡിങ് ആരംഭിച്ച കാര്യം ഓട്ടോമാറ്റിക് ആയി അറിയിക്കും. ഈ നോട്ടിഫിക്കേഷൻ ഡിസേബ്ൾ ചെയ്യാനാവില്ല. ഇത്തരം ഒരു ഫീച്ചറിനു വേണ്ട സുതാര്യത ഇതോടെ കൈവരുന്നു. ഓരോ രാജ്യത്തെയും കോൾ റെക്കോർഡിങ് നിയമങ്ങൾ ഓരോ തരത്തിലാണ് എന്ന കാര്യവും ആപ്പിൾ പരിഗണിക്കുന്നു.
അമേരിക്കയിൽ കോളിന്റെ ഇരുതലയ്ക്കലുമുള്ള ആളുകൾ സമ്മതിക്കണം എന്നാണ് നിബന്ധന. (ടു-പാർട്ടി കൺസെന്റ് ലോസ്). യൂറോപ്പിൽ ജിഡിപിആർ അനുസരിച്ച് കോൾ റെക്കോർഡിങ് ചെയ്യാൻ സമ്മതക്കുറവില്ലെന്ന് ഒരോരുത്തരും വ്യക്തമായി സമ്മതിച്ചിരിക്കണം.
ഐഓഎസ് 18 ഉള്ള എല്ലാ ഫോണുകളും സജ്ജം
ഉടനെ പുറത്തിറക്കാൻ പോകുന്ന ഐഓഎസ് 18.1 ഇൻസ്റ്റോൾ ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം വേണം കൂടുതൽ നടപടികളിലേക്ക് കടക്കാൻ. കോൾ റെക്കോർഡിങ്, ഓട്ടോമാറ്റിക് കോൾ ട്രാൻസ്ക്രിപ്ഷൻസ് എന്നിവ ഐഓഎസ് 18.1 ഉള്ള എല്ലാ ഫോണുകളിലും പ്രവർത്തിക്കും. എന്നാൽ, ആപ്പിൾഇന്റലിജൻസ് ഉള്ള മോഡലുകളിൽ മാത്രമായിരിക്കും ജനറേറ്റിവ് എഐ സമ്മറീസ് കിട്ടുക.
എങ്ങനെയാണ് കോൾ റെക്കോർഡിങ് നടത്തുക?
രാജ്യത്ത് കോൾ റെക്കോർഡിങ് നിരോധനം ഇല്ലെങ്കിൽ സാധാരണ കോളുകളും, ത്രീ വേ കോളുകളും, ഫെയ്ടൈം ഓഡിയോ കോളുകളും റെക്കോർഡ് ചെയ്യാം:
1. സ്ക്രീന്‍ മുകളിൽ ഇടതു വശത്തുള്ള ഓഡിയോ റെക്കോർഡിങ് ബട്ടണിൽ ടാപ് ചെയ്യുക
2. ആദ്യമായി ആണ് റെക്കോർഡിങ് ചെയ്യുന്നതെങ്കിൽ എക്സ്പ്ലെയിനറിൽ വരുന്ന ‘കണ്ടിന്യൂ’വിലും ടാപ് ചെയ്യണം
3. മൂന്നു സെക്കൻഡ് നേരത്തേക്ക് കൗണ്ട്ഡൗൺ ആരംഭിക്കുന്നു. റെക്കോർഡ് ചെയ്യേണ്ടന്ന് തീരുമാനിക്കുകയാണെങ്കിൽ ഈ സ്ക്രീനിൽ കാണുന്ന എക്സ് (X) ബട്ടണിൽ ടാപ് ചെയ്യുക.
4 കൗണ്ട്ഡൗൺ അവസാനിക്കുമ്പോൾ കോളിലുള്ള എല്ലാവർക്കും ‘ദിസ് കോൾ ഇസ് ബിയിങ് റെക്കോർഡഡ്’ എന്ന സന്ദേശം കേൾക്കാം.
5.ഈ സമയത്ത് സ്ക്രീനിൽ റെക്കോർഡിങ് ബാറും പ്രത്യക്ഷപ്പെടുന്നു. ഓഡിയോ ലെവൽ, കഴിഞ്ഞ സമയം, സ്റ്റോപ് ബട്ടൺ എന്നിവയും ഉണ്ടായിരിക്കും.
6.സ്റ്റോപ് ബട്ടണിൽ വിരലമർത്തി റെക്കോഡിങ് അവസാനിപ്പിക്കേണ്ടപ്പോൾ അവസാനിപ്പിക്കാം. ഇപ്പോൾ ‘ദിസ് കോൾ ഇസ് നോ ലോങ്ഗർ ബിയിങ് റെക്കോർഡഡ്’ എന്ന സന്ദേശം കോളിലുളളവരെല്ലാം കേൾക്കും. മിക്ക രാജ്യങ്ങളിലെയും
സുതാര്യതാ നിയമങ്ങൾ പാലിക്കാൻ ഈ നടപടിക്രമങ്ങൾ മതിയാകും.
7. നോട്സ് ആപ്പിൽ നിന്ന് ‘യൂ സേവ്ഡ് കോൾ’ എന്ന നോട്ടിഫിക്കേഷനും കാണിക്കും.
എങ്ങനെയാണ് റെക്കോർഡ് ചെയ്ത കോൾ തിരിച്ച് കേൾക്കാൻ സാധിക്കുക?
റെക്കോർഡിങ് അവസാനിപ്പിച്ച ശേഷം നോട്ട്സ് ആപ്പിൽ ഓഡിയോ റെക്കോഡിങ് ഉള്ള പുതിയ നോട്ട് എടുക്കാം. ആപ്പ് തരുന്ന നോട്ടിഫിക്കേഷനിൽ ക്ലിക്കു ചെയ്തും പുതിയ നോട്ടിൽ എത്താം. നോട്ട്സിൽ പുതിയ കോൾ റെക്കോർഡിങ്സ് ഫോൾഡർ ഉണ്ട്. സ്ക്രീനിന്റെ മുകൾ ഭാഗത്തായിരിക്കുംഇത്.
ഇത് തുറന്നാൽ ഏറ്റവും ഒടുവിൽ നടത്തിയ കോൾ റെക്കോർഡിങ് ഏറ്റവും മുകളിൽ തന്നെ ലഭിക്കും. ഒരു കോളിനിടയിൽ പല തവണ റെക്കോർഡിങ് നിറുത്തുകയും ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇവ എല്ലാം കൂടെ ഒരു ക്ലിപ്പ് ആയി സേവ് ആയിട്ടുണ്ടാകും.
ഓഡിയോ റെക്കോർഡിങ് കാർഡിൽ കോൾ നടത്തിയ തിയതി, സമയം, എത്ര സമയത്തേക്കായിരുന്നു തുടങ്ങിയ വിവരങ്ങൾ കാണാം. ഒപ്പം ഒരു പ്ലേ ബട്ടണും ഉണ്ടായിരിക്കും. പ്ലേ ബട്ടണിൽ അമർത്തിയാൽ ഓഡിയോ ക്ലിപ് കേൾക്കാം.
സ്കിപ് ബാക്ക്, സ്കിപ് ഫോർവേഡ് ഓപ്ഷനുകളും ഉണ്ട്. ഓഡിയോ അൽപ്പം പിന്നിലേക്കു കൊണ്ടുപോകാനും, മുന്നിലേക്കു കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം. ഇതിനൊപ്പം താമസിയാതെ ഒരു ട്രാൻസ്ക്രിപ്ഷൻ ബട്ടണും എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആപ്പിൾ ഇന്റലിജൻസ് ഉള്ള മോഡലാണെങ്കിൽ പ്രിവ്യു കിട്ടാനുള്ള അവസരവും ഉണ്ട്. നടത്തിയിരിക്കുന്ന ട്രാൻസ്ക്രിപ്റ്റിന്റെ രത്നച്ചുരുക്കം കിട്ടും. ആപ്പിൾ ഇന്റലിജൻസ് ഇല്ലാത്ത മോഡലുകളിൽ
ട്രാൻസ്ക്രിപ്റ്റിന്റെ തുടക്കം ആയിരിക്കും കാണാൻ സാധിക്കുക.
റെക്കോർഡിങിൽ അമർത്തി സ്പർശിച്ചാൽ ക്വിക് ആക്ഷൻസ് ലഭിക്കും. പ്ലേ ഫ്രം ബിഗിനിങ്, റീ നെയിം, വ്യൂ സമ്മറി, കോപ്പി, സേവ് ഓഡിയോ ടു ഫയൽസ്, ഷെയർ ഓഡിയോ, റിപ്പോർട്ട് എ കൺസേൺ, ഡിലീറ്റ് എന്നീ ഓപ്ഷനുകൾ ആയിരിക്കും ഉണ്ടായിരിക്കുക.
കോൾ റെക്കോർഡിങ്സ് എത്തുന്നതോടെ നോട്ട്സ് ആപ്പിന് കൂടുൽ പ്രാധാന്യം കൈവരുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്.
കോൾ റെക്കോർഡിങ്സും ട്രാൻസ്ക്രിപ്ഷനും ഇപ്പോൾ സപ്പോർട്ട് ചെയ്യുന്ന ഭാഷകളിൽ ഇന്ത്യൻ ഇംഗ്ലീഷും ഉണ്ട്. മലയാളം ഇല്ല. യാദൃശ്ചികമായി കോൾ റെക്കോർഡിങ്സ് നടക്കരുത് എന്ന ആഗ്രഹമുള്ളവർക്ക് അത് സെറ്റിങ്സ്>ആപ്പ്സ്>ഫോൺ>കോൾ റെക്കോർഡിങ് എന്ന പാതയിൽ എത്തി ഡിസേബ്ൾ ചെയ്യാം.
ഡിസേബ്ൾ ചെയ്താൽ ഫോണിന്റെ ഇന്റർഫെയിസിൽ നിന്ന് റെക്കോർഡിങ് ബട്ടൺ നീക്കംചെയ്യും