അബൂദബിയിൽ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് പാർസൽ വിതരണംചെയ്തു. എമിറേറ്റിലുടനീളം സ്വയംനിയന്ത്രിത ചരക്കുനീക്കം പ്രാവര്‍ത്തികമാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു നീക്കം നടത്തിയത്.അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെ പിന്തുണയോടെ വ്യോമയാന സാങ്കേതികവിദ്യാ സ്ഥാപനമായ എല്‍.ഒ.ഡി.ഡിയും ലോജിസ്റ്റിക്സ് ഹോള്‍ഡിങ് ഗ്രൂപ്പായ 7എക്സും ചേര്‍ന്നായിരുന്നു ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണ പാർസൽ വിതരണം നടത്തിയത്.
വിഞ്ച് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഡ്രോണില്‍നിന്ന് പാർസൽ ഉപഭോക്താവിന് ഇറക്കി നല്‍കിയത്. ഖലീഫ സിറ്റിയിലായിരുന്നു പരീക്ഷണം. പ്രദേശത്തെ പോസ്റ്റോഫിസില്നിന്നുള്ള പാഴ്സലാണ് ഡ്രോണ്‍ ഉപയോഗിച്ച് ഡ്രോപ് സോണില്‍ എത്തിച്ചത്. സ്വയംനിയന്ത്രിത ആകാശ പാഴ്സല്‍ ഡെലിവറിയുടെ സാധുത തെളിയിക്കുന്നതുകൂടിയായിരുന്നു ഈ പ്രകടനം.