Gulf

അബുദാബിയിലെ വാഹനാപകടം: മലയാളി കുടുംബത്തിന് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം

Published

on

അബൂദാബി: 2023 ജൂലൈ 6-ന് അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മലപ്പുറം, രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്ത് മൊയ്തീന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം ദിർഹം (ഏകദേശം 95.4 ലക്ഷം ഇന്ത്യൻ രൂപ) ലഭിച്ചു. യാബ്‌ ലീഗൽ സർവീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേനയാണ്‌ തുക നേടിയെടുക്കാൻ സഹായിച്ചത്.
അൽ ബതീൻ-അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ വെച്ചാണ് അപകടം നടന്നത്. ഒരു ബസ്സിൽ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചുകടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി സ്വദേശി ഓടിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചത്. ശ്രദ്ധയില്ലാതെ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ഫാൽക്കൺ ഐ ക്യാമറ ദൃശ്യങ്ങളിൽ നിന്നും അന്വേഷണത്തിൽ നിന്നും വ്യക്തമായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ഇതേത്തുടർന്ന്, അശ്രദ്ധമായി വാഹനമോടിച്ച കാർ ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി 20,000 ദിർഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിർഹം ദിയാമണി (ബ്ലഡ് മണി) നൽകാനും വിധിച്ചു. ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച്‌ യാബ് ലീഗല്‍ സര്‍വീസസ്‌ ദിയാമണിക്ക് പുറമെ നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ നഷ്ടപരിഹാര കേസ് രജിസ്റ്റർ ചെയ്തു. ലീഗൽ ഹെയേഴ്സ് സർട്ടിഫിക്കറ്റ്, ബ്രെഡ് വിന്നർ സർട്ടിഫിക്കറ്റ്, ക്രിമിനൽ കേസ് വിധി തുടങ്ങിയ രേഖകൾ സമർപ്പിച്ച് നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ, ദിയാമണിക്ക് പുറമെ 2 ലക്ഷം ദിർഹം കൂടി ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ കുടുംബത്തിന് ആകെ 4 ലക്ഷം ദിർഹം ലഭിച്ചു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version