അബുദാബി ∙ ദുബായിക്കു പിന്നാലെ അബുദാബിയിലും ട്രാം വരുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ട്രാം സർവീസ് ആരംഭിക്കുമെന്ന് അബുദാബി സംയോജിത ഗതാഗത കേന്ദ്രം ഗ്ലോബൽ റെയിൽ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. സായിദ് രാജ്യാന്തര വിമാനത്താവളം, യാസ് ഐലൻഡ്, അൽറാഹ, ഖലീഫ സിറ്റി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും ട്രാം സർവീസ്.
3 ഘട്ടമായി നിർമിക്കുന്ന ട്രാമിലെ ആദ്യ ഘട്ടം യാസ് ഐലൻഡിലെ യാസ് ഗേറ്റ് വേയിൽനിന്ന് ആരംഭിച്ച് ദ്വീപിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫെറാറി വേൾഡ്, യാസ് മറീന സർക്യൂട്ട്, യാസ് ബേ തുടങ്ങിയവയെ ബന്ധിപ്പിക്കും. താമസ കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തിലേക്കും വ്യാപിപ്പിക്കുന്നതാണ് രണ്ടും മൂന്നും ഘട്ടങ്ങൾ. സേവനം ആരംഭിച്ചാൽ 5 മിനിറ്റ് ഇടവേളകളിൽ ട്രാം എത്തും. ഒരു ട്രാമിൽ 600 പേർക്കു യാത്ര ചെയ്യാം.