ദുബായ്: ലോകമെമ്പാടുമുള്ള ബധിര സമൂഹത്തിന്റെ ഭാഷാപരവും സാംസ്കാരികപരവുമായ വൈവിധ്യത്തെയും അവകാശങ്ങളെയും പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ദുബായ് അന്താരാഷ്ട്ര എയർപോർട്ടിൽ (DXB) വേറിട്ട ആഘോഷമാക്കി. ഈ ദിവസം ആംഗ്യഭാഷയുടെ പ്രാധാന്യം യാത്രക്കാർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രത്യേക ബോധവൽക്കരണ പരിപാടികളാണ് വിമാനത്താവളം സംഘടിപ്പിച്ചത്.
എല്ലാ വർഷവും സെപ്റ്റംബർ 23-നാണ് അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനമായി ആചരിക്കുന്നത്. ആംഗ്യഭാഷകളെ സംസാരഭാഷകൾക്ക് തുല്യമായി കണക്കാക്കുകയും ബധിരരായ വ്യക്തികളുടെ മുഴുവൻ മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്നതിൽ ആംഗ്യഭാഷയുടെ നിർണായക പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയുമാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ലോകമെമ്പാടുമുള്ള ബധിരരുടെ സംഘടനയായ വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡെഫ് (WFD) സ്ഥാപിതമായതിന്റെ ഓർമ്മ കൂടിയാണ് ഈ ദിനം.
ദുബായ് വിമാനത്താവളത്തിലെ വേറിട്ട കാഴ്ച
ദുബായ് എയർപോർട്ടിലെ കുട്ടികളുടെ എമിഗ്രേഷൻ വിഭാഗമാണ് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വേദിയായത്. ആംഗ്യഭാഷയുടെ ലക്ഷ്യങ്ങൾ, പ്രാഥമിക ഭാഷാ രീതികൾ എന്നിവ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രങ്ങളോടു കൂടിയ ബ്രോഷറുകൾ ഇവിടെ വിതരണം ചെയ്തു.
പരിപാടിയുടെ ഭാഗമായി, എമിഗ്രേഷൻ നടപടികൾക്കായി എത്തിയ കുട്ടികൾ ആവേശത്തോടെ മുന്നോട്ട് വന്നു. അവർ ആംഗ്യഭാഷയിൽ ‘ദുബായിലേക്ക് സ്വാഗതം’ എന്ന സന്ദേശം കൈകൾ കൊണ്ട് കാണിച്ചത് കൗതുകകരമായ കാഴ്ചയായി. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യാത്രക്കാരും ചേർന്ന് ഈ ഉദ്യമത്തിന് നിറഞ്ഞ പിന്തുണ നൽകി.
ഭിന്നശേഷിക്കാരെ, അല്ലെങ്കിൽ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ (People of Determination) എന്ന് ദുബായ് വിളിക്കുന്ന,- സമൂഹത്തെ ചേർത്തുപിടിക്കുന്ന ഒരു വലിയ സന്ദേശമാണ് ഇത്തരം പരിപാടികളിലൂടെ ദുബായ് നൽകുന്നത്. ആംഗ്യഭാഷാ ദിനം ആഘോഷിച്ചുകൊണ്ട്, ദുബായ് അന്താരാഷ്ട്ര എയർപോർട്ട് ലോകത്തിന് മുന്നിൽ വെക്കുന്നത് എല്ലാവരെയും ഉൾക്കൊള്ളാൻ ദുബായ് ഒരുക്കമാണ് എന്ന കാഴ്ചപ്പാടാണ്. ആശയവിനിമയത്തിന്റെ തടസ്സങ്ങൾ ഇല്ലാതാക്കി, ബധിര സമൂഹത്തെയും അവരുടെ ഭാഷാപരമായ വ്യക്തിത്വത്തെയും ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചും ഒരു സമഗ്ര സമൂഹം കെട്ടിപ്പടുക്കാനുള്ള ദുബായുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു